Tuesday, January 3, 2017

കുറുനരി മാലാഖ വേഷം കെട്ടിയ കഥ



ഞാനൊരു സുന്ദരനെന്നൊരു പുഞ്ചിരി
ചുണ്ടിൽ ചൂടി നടക്കും സ്റ്റീഫൻ
കാക്കേപ്പോലും കണ്ണിൽ ക്കണ്ടാൽ
കണ്ണിറുക്കിക്കാണിക്കും


വെട്ടുംകിളി യെന്നും പേരിൽ
വെട്ടും കുത്തും കളിയായ് ചെയ്യും
സ്റ്റീഫൻ ചെറിയൊരു ഗുണ്ടാത്തലവൻ
സ്റ്റീഫൻ നമ്മുടെ ഗ്രാമത്തലവൻ

ജാതിയെ വിട്ടില്ലൊരു കളിയതിനാൽ
ജാതിക്കാരുടെ കൂട്ടുണ്ട്
സ്റ്റീഫൻ സ്റ്റീഫൻ മന്ത്രം ചൊല്ലി
ശിഷ്യൻ മാരുടെ നിരയുണ്ട്

കാലം പോകെ കൊല്ലും കൊലയും
അണികളെയേല്പിച്ചൊരുനാൾ സ്റ്റീഫൻ
നാടിന് നന്മക്കായ്ത്തൻ ജന്മം
നൽകിയതായി പ്രതിജ്‌ഞ ചെയ്തു

നാടിൻ നായകനാകാനാദ്യം
ബ്യുട്ടി പാർലർ തറവാടാക്കി
വെട്ടിൻ പാടും ചോരക്കറയും
കഴുകിക്കഴുകി വെടിപ്പാക്കി

ഞാനൊരു സുന്ദരനെന്നൊരു പുഞ്ചിരി
ചുണ്ടിൽ കൂടുതൽ വിരിയിച്ചു
കാക്കേപ്പോലും മുന്നിൽ കണ്ടാൽ
സാത്വികഭാവം കാണിച്ചു

എങ്കിലുമുള്ളിലെ ജാതിസ്‌നേഹം
കുത്തിക്കുത്തി ക്കേറുമ്പോൾ
അറിയാതുള്ളിൽ നിന്നൊരു കുറുനരി
ഓരിയിടാനെഴുനേൽക്കുന്നു ........!

Followers