ദൈവമേ
പുസ്തകത്തീന്നെങ്കിലും
യുദ്ധവും
പത്രത്തീന്നെങ്കിലും
ഭൂകമ്പവും
റ്റീവീന്നെങ്കിലും
വിപ്ലവവും പട്ടിണിയും
കിട്ടാതിരുന്നെങ്കിൽ
ഞാനെങ്ങനെ
തീവ്രമായി വികാരം കൊള്ളുമായിരുന്നു
എന്നാലോചിച്ച് ഇരുന്നപ്പോഴാണ്
ഭാര്യ പറഞ്ഞത്
വിളക്കണച്ചു കിടക്കൂ മനുഷ്യാ
നല്ല കുളിരെന്ന്
അസ്തിത്വ ദുഖവും സ്വത്വനിരാസവും തൊട്ടു നക്കി
അല്പം മദ്യപിച്ചിട്ടു ചെല്ലുന്നത്
അവൾക്കിഷ്ടമായിരുന്നു
ഉമ്പര്ട്ടോ എക്കോ എന്ന് പറഞ്ഞു
അവൾ കെട്ടിപ്പിടിക്കും