Monday, October 10, 2016

നിങ്ങളുടെ വെളുവെളുത്ത പാട്ടുകള്‍



എനിക്കെന്‍റെ ബാല്യം
തിരികെ വേണ്ട
നിങ്ങള്‍ പാടുന്നപോലൊന്നുമല്ല
നിങ്ങളുടെ പാട്ടിലേതൊന്നുമില്ല

കുതികൊള്ളാന്‍ ചവിട്ടവേ
കുതറിമാറിയും
ഇളവേല്‍ക്കാനണയവേ
മുള്‍മുനയുയര്‍ത്തിയും
കഠിനകാലമേ
മുടിഞ്ഞ ബാല്യമേ
കരിന്തിരി തെളിച്ചനിന്‍
കരിഞ്ഞ കാഴ്ചകളെനിക്കിനി വേണ്ട
എനിക്കെന്‍റെ ബാല്യം
തിരികെ വേണ്ട
വെളുവെളുത്ത പാട്ടുകള്‍ പാടി
ബാല്യത്തിലേക്ക്
ഊഞ്ഞാലാടുക
നിങ്ങള്‍

പാസ് വേഡ്



എന്‍റെ ശവപ്പെട്ടിയടപ്പിന്‍റെ
ഉള്ളിലായെന്തിനു
നീയെഴുതി വച്ചൂ,

നിന്‍റെ
ഹൃദയ വാതിലിന്‍
പാസ്സ് വേഡു ....പ്രിയേ...?
ഓണത്തിലേക്കുള്ള
ഓട്ടമാണോണം,
ഓണമൊരോട്ടക്കലവും.....

നോട്ടങ്ങള്‍


നിരീക്ഷിച്ച് നിരീക്ഷിച്ച്
നിഗമനത്തിലെത്തുന്ന
കഴുകന്‍മാരെയും
കാണുന്നുണ്ട്
മറ്റുചില
കണ്ണുകള്‍

അതിലേതാണ്,
എവിടെയാണ്,
നിന്നെയളക്കുന്ന
എന്നെയളക്കുന്ന
എന്‍റെ
നിന്‍റെ
കണ്ണുകള്‍.....?

കുഴി വെട്ടീടാന്‍ വരുമോ നീ



അരികിലിരിക്കുന്നൊരു
ജാതിവാല്‍ത്തീട്ടം
കടന്നുപോകുന്നൊരു
ജാതിക്കണ്‍ തീട്ടം
പിറുപിറുക്കുന്നൊരു
ജാതിച്ചൊല്‍ത്തീട്ടം
നേര്‍ക്കുനേര്‍ വരുന്നയ്യോ
സംഘടിതത്തീട്ടം

തീട്ടക്കൂമ്പാരത്തി,ന്നരികെ
ക്കൂടി,നടന്നു മടുത്തവരേ
വരുമോ നിങ്ങള്‍ കുഴി വെട്ടാന്‍
വലിയൊരു കുഴിയിനി വേണ്ടി വരും

Followers