Friday, September 2, 2016

പാസ് വേഡ്



എന്‍റെ ശവപ്പെട്ടിയടപ്പിന്‍റെ
ഉള്ളിലായെന്തിനു
നീയെഴുതി വച്ചൂ,
നിന്‍റെ
ഹൃദയ വാതിലിന്‍
പാസ്സ് വേഡു ....പ്രിയേ...?

വഴികൾ പിരിഞ്ഞു പോയത്


സൗഹൃദം മൂപ്പെത്തിയ
നാളുകളിലൊന്നിൽ
കൈപിടിച്ചവളെന്നെ
കൊണ്ടുപോയൊഴിഞ്ഞൊരാ
കോണിലെ വാകച്ചോട്ടിൽ

വർഷാവസാന
ബഹളമൊഴിഞ്ഞതിൻ
മൂകതനിറഞ്ഞിട്ടു
മെന്തുവർണാഭമാ
ണിവിടം മനോഹരം
തൊട്ടതില്ലിന്നേവരെ
വിരലിൻ തുമ്പിൽ പോലു
മേറെയായ് സുഹൃത്‌കാല
മതിനാലാണോ മൃദു
സ്പർശവും തിളയ്ക്കുന്നു
എന്നുമെന്നതുപോലെ
ചിരിച്ചു ,ചിരിയാലെല്ലാം
മറച്ചു മായ്ക്കാനുള്ളോ
രെൻശ്രമമാദ്യം തന്നെ
തടഞ്ഞു ചോദിച്ചവൾ
നിനക്കു ഞാനെന്താണ്
നീയാരാണെനിക്കെന്നും
ഇനിയെനിക്കാവില്ലൊട്ടു
മിങ്ങനെ തുടരുവാൻ
ഞാനൊരു വിളറിയ
ചിരിയിലൊളിക്കുന്നു
പറയാനാവാത്തതാ
മില്ലായ്മ പെരുംകടൽ
ചിരിയാം പരിചക്കു
നേരിടാനാകാത്തൊരു
നേരമെത്തിയ നേരം
പറഞ്ഞു ഞാനൊപ്പിച്ചു
നീയെനിക്കന്നുമെന്നും
പറയാതെല്ലാമെല്ലാ
മറിയും സുഹൃത്തല്ലോ
ഇനിയുമെന്നത്തേക്കു
മിങ്ങനെ തുടരേണം
നനഞ്ഞ കണ്ണാലവൾ
വിടർന്നു നോക്കും നോട്ടം
നേരിടാനാവാതെ ഞാൻ
മരമെണ്ണവേ കൈകൾ
കവരുന്നവൾ വീണ്ടും
നീയെന്നും നടിക്കുന്നു
വാക്കിലും നോക്കിൽ പോലും
പിരിയാം നമുക്കിനി
നിഴലായ് ഞാനില്ല നിൻ
വഴിയിൽ നിന്നോടൊപ്പം
ഞാനൊരു വിഡ്ഢിച്ചിരി
മാത്രമായ് നടക്കുന്നു
വാകപ്പൂ ചുവപ്പിന്റെ
കമ്പളം വിരിക്കുന്നു.....!

Followers