Thursday, May 28, 2009

കവിജന്മം

ഒരുദിനമുറക്കത്തില്‍

വെളിപാടൊന്നുണ്ടായി

എഴുതിത്തള്ളിയ

കവിതകളെല്ലാം

പിച്ചിച്ചീന്തിക്കളയേണം

വെളുത്തൂ നേരം

ചീന്തീ കവിത

വെളുത്തൂ നേരം

പിന്നീടുമെന്നും

2006

സംസാരം

മരങ്ങളോടും കിളികളോടും

സം സാരിക്കുമായിരുന്നു-അപ്പുപ്പന്‍

കവിതക്കുവേണ്ടി മധുരം പുരട്ടിയ വാക്കുകളല്ലിത്

തേങ്ങയുടച്ചുണക്കാനിടുമ്പോള്‍

കാക്കകളേയും

ഒഴിക്കെണ്ണം കുറയുമ്പോള്‍

തെങ്ങുകളേയും

വഴക്കു പറയുന്നതു കേട്ടിട്ടുണ്ട്.

പശുവിനോടും പട്ടിയോടും

വയലിനോടും ചാഴിയോടും

കോഴിയോടും കോവലിനോടും

സംസാരിക്കുമായിരുന്നു.

അച്ഛനു പക്ഷേ പശുഭാഷ മാത്രമേ കിട്ടിയുള്ളൂ...

തിരിയുന്നില്ലെനിക്കെന്‍റെ

മകന്‍റെ ഭാഷയും

Wednesday, May 27, 2009

ഫിലിം ഫെസ്റ്റിവല്‍ 2008 -ഒരു റിപ്പോര്ട്ട്

കൂറസോവ,ബര്‍ഗര്‍മാന്‍,മര്‍ത്യജിത് ക്ലേ -
തുടങ്ങിയവര്‍
ഇത്തവണയും വന്നിരുന്നു.
മുടി നീട്ടിയിരുന്നെങ്കിലും
നാറുന്ന ജുബ്ബ കണ്ടില്ല .
എണ്ണത്തിലും കുറവായിരുന്നു.

ഫെയര്‍നെസ്സ് ക്രീം തിളക്കിയ
ദുര്‍മ്മേദസ്സിന്‍റെ കുന്നുകള്‍
ധാരാളമായി പ്രദര്‍ശനത്തിനെത്തിയിരുന്നു.

വെടിയുണ്ടക്കു തുളയ്ക്കാന്‍ മാത്രമെന്നറിഞ്ഞിട്ടും
ബൊളീവിയന്‍ കാടുകളില്‍ തീയായവനും

വരണ്ട മണല്‍ക്കാട്ടില്‍
പൊടിക്കാറ്റുമാത്രം തിന്ന്
സ്വര്‍ണ്ണം വാറ്റിയെടുപ്പോനും
ജന്‍മത്തിന്‍ പൊരുളാരാഞ്ഞോനുമെല്ലാം
ക്യൂനിന്ന്
ക്യൂനിന്ന്
തിരികെപ്പോയി .........
.....................................................................................................................................

കുറസോവ,ബര്‍ഗ് മാന്‍,സത്യജിത് റേ തുടങ്ങിയ മഹാപ്രതിഭകള്‍ ഉദ്ദേശശുദ്ധിയാല്‍ മാപ്പുതരും .

(ജനയുഗം വാരാന്തം -18-1-2009)

Saturday, May 23, 2009

സം വരണം -ഒരു ബൌദ്ധിക സം വാദം


അളിയാ...
ഈ സം വരണം
എന്തൊരു നശൂലമാണു്‌
കഷ്ടപ്പെട്ട് ഉറക്കം കളഞ്ഞ്

പഠിക്കുന്നത് നമ്മള്‍

ജോലിയെല്ലാമവന്‍മാര്‍ക്ക്
ഓഫീസുകളില്‍ മേലറ്റത്തെല്ലാവന്‍മാര്‍
കാശുകാരെല്ലാമവന്‍മാര്‍

എന്നിട്ടും
സം വരണമെല്ലാ
മവന്‍മാര്‍ക്ക്
സഹിക്കാവുന്നതിലപ്പുറമാണളിയാ...

പോട്ടളിയാ ,
എന്തു പറഞ്ഞാലും
നിനക്കങ്ങേതിലെ
നാണീടെ മോളെ കെട്ടുന്നതിനെപ്പറ്റി

ചിന്തിക്കാന്‍ പറ്റോ.....?


അതും ശരി തന്നളിയാ.................................!

Tuesday, May 19, 2009

മാതൃദിനം




mba-online-program.com
Counter provided by mba-online-program.com .
മാതൃദിനം
ംംംംംംംംംംംംം

പത്രക്കാരാ  പടമെടുത്തോളൂ
മാതൃദിനമല്ലേ നാളെ
വേണമല്ലോ നിനക്കു നാളെ
വൃത്തികെട്ട ഒരമ്മച്ചിത്രം

ഇന്നീ,
കാല്‍ച്ചങ്ങലപ്പുണ്ണടര്‍ന്നളിഞ്ഞ്
കാറ്റില്‍ പടര്‍ന്ന മുടിപ്പറ്റങ്ങളെ
ചിരിച്ചു തള്ളുന്ന അമ്മ

ഇടയ്ക്കിടയ് ക്കെന്‍തോ നിനച്ചിരിക്കുമ്പോള്‍
ചിലപ്പോഴാകാശം ചുഴിഞ്ഞുനോക്കുമ്പോള്‍
സൂര്യന്‍ ശരിക്കുനില്‍ക്കുമ്പോള്‍
എടുത്തിടാം ചിത്രം റഡിക്കു നിന്നോളൂ

വ്യവസായദിനത്തിന്
ഊറിച്ചിരിപ്പിക്കുമൊരടിക്കുറിപ്പെഴുതാന്‍
അമ്മയ് ക്കരികിലെ
പിച്ചപ്പാത്രവുമായുള്ള എന്‍റെയിരുപ്പും
നന്നായിരിക്കും
'കൊച്ചുമകളുടെ ചെറുകിടവ്യവസായം '
നല്ലൊരടിക്കുറിപ്പല്ലേ....?

പടമെടുത്തോളൂ.....!

Saturday, May 16, 2009

നഗരത്തിലെ കൊതുകുകള്‍



നഗരത്തിലെ കൊതുകുകള്‍
പരിഷ്കാരികളാണ്.

അവര്‍
വേദനിപ്പിക്കാതെ
ചോര മുഴുവന്‍ കുടിച്ച് കൊള്ളും

ഗ്രാമത്തിലെ കൊതുകുകള്‍
പരിഷ്കാരികളല്ല

ശബ്ദഘോഷത്തോടെയാണ്
വരവുതന്നെ,

പിന്നെ ചൊറിച്ചില്‍...ഹോ...!
2001

Sunday, May 10, 2009

പ്രണയം

ഓര്‍ക്കുന്നു നിന്നെ ഞാന്‍
പുല്‍നാമ്പിലല്‍പം
തങ്ങി-
ത്തിളങ്ങി-
ക്കൊഴിഞ്ഞ
വൈഡൂര്യ കണം
സൂര്യനെയെന്നപോല്‍

Thursday, May 7, 2009

ലോക്കപ്പ്

എന്തു രസമാണെന്നറിയോ..?

കാര്യങ്ങളോരോന്നായി
ചോദിക്കുന്നേനിടക്ക്
അപ്രതീക്ഷിതമായി
വാരിയെല്ലുകളിലേക്കിടിക്കാന്‍,
അടിവയറ്റില്‍ തൊഴിക്കാന്‍ ,
വില്ലുപോലപ്പോള്‍ വളയുന്ന കാണാന്‍ ,


ചുമച്ചുപോകും
അമ്മേയെന്നേതു വമ്പനും

വിളിച്ചുപോകും
അയ്യോയെന്നേതു വില്ലാളിയും

ചിരിച്ചുപോകും
ആഹായെന്നു നിങ്ങളും

....................................................

അടിക്കുറിപ്പ്
പോലീസിനുമാവാം
പ്രാസം ചിലപ്പോള്‍

(ഗ്രന്‍ഥാലോകം പ്രസിധീകരിച്ചത് 2006)

Monday, May 4, 2009

വര്‍ത്തമാനം

ഉപമ, ഉല്പ്രേക്ഷ,രൂപകം ....

ഒന്നും വരുന്നില്ല.

മേമ്പൊടിയായ്,
ഇടവേളകളില്‍ പൂത്തമാമരം ,

പഴയമട്ടില്‍ തെളീഞ്ഞ വര്‍ണ്ണനകള്‍
നേരം പോക്കുകള്‍
പ്രണയം -പഴയതും പുതിയതും -

വരുന്നില്ലിന്നൊന്നും .

വരുന്നവയെല്ലാം
വരണ്ടവ മാത്രം
പൊടിക്കാറ്റിന്‍ തിര-
തിമിര്‍പ്പിന്‍ തീമാത്രം

Friday, May 1, 2009

ഹോമോസാപ്പിയന്‍സ്



ബുദ്ധിജീവിയാണുഞാനെന്ന്
തുറന്നു പറയേണ്ടി വരുന്നത്
സത്യസന്ധത കൊണ്ടാണ്

സോമാലിയയേക്കാള്‍
ഫെയര്‍ നെസ്സ്ക്രീമും
താരാട്ടിനെക്കാള്‍
റിക്കിമാര്‍ട്ടിനും
എനിക്കു പ്രധാനപ്പെട്ടതു തന്നെയാണ്

ഡോക്ടര്‍ പറഞ്ഞപോലെ,
ബോംബും വര്‍ഗീയതയും ചര്‍ച്ച ചെയ്ത്
ഹൈപ്പര്‍ ടെന്‍ഷനുണ്ടാക്കാതെ
എപ്പോഴും സന്തോഷിക്കുകയും
നന്നായി ഭക്ഷണം കഴിക്കുകയും
വ്യായാമം ചെയ്യുകയും ചെയ്യുന്നുണ്ട്.
വ്റുത്തം ദീക്ഷിച്ചു കൊണ്ട്
ധാരാളം കവിതകളെഴുതുന്നതിലൂടെ
മാനസികമായ മലശോധനയും
സാധിക്കുന്നുണ്ട്
ഇനി നിങ്ങള്‍ തന്നെ പറയൂ.......



ഗ്രന്‍ഥാലോകം മാസിക

Followers