Wednesday, December 23, 2015

രുചി



പനിക്കാലത്ത്
അമ്മ, അമ്മയുടെ പനിയെ
നീട്ടി നീട്ടി കൊണ്ടു പോകും
.
മറ്റുള്ളവരുടെയെല്ലാം
പനിയാറുന്നതുവരെ.
.
പൊടിയരിക്കഞ്ഞി
നാരങ്ങയച്ചാര്‍
ചുട്ട പപ്പടം
ചുവന്ന മരുന്ന്
വെളുത്ത ഗുളിക.
അങ്ങനെയങ്ങനെ
പനിയങ്ങു നീണ്ടു പോകും
.
മറ്റുള്ളവരുടെയെല്ലാം നാവില്‍
രുചി മടങ്ങിയെത്തുമ്പോള്‍
അമ്മ പതിയെ പനിയെ സ്വീകരിക്കും
എന്നിട്ട്
കമ്പിളി പുതച്ച്
പൊടിയരിക്കഞ്ഞി കുടിച്ച്
വിശ്രമിക്കുന്നതായി സങ്കല്‍പ്പിച്ചുകൊണ്ട്
അടുക്കളയില്‍
സദ്യയൊരുക്കും....!

Wednesday, July 29, 2015

എനിക്കുമുണ്ടായിരുന്നു ഒരു പ്രണയം

എനിക്കുമുണ്ടായിരുന്നു ഒരു പ്രണയം
എന്നെക്കാള്‍
രണ്ടു വയസ്സു
കൂടുതലുണ്ടായിരുന്നു അവള്‍ക്ക്

എന്നിട്ട്..?
എന്നിട്ടെന്‍താ അവള്‍
അതി സുന്ദരിയായിരുന്നു

അതുകൊണ്ട്..?
അതുകൊണ്ടെന്‍താ,
അതിസുന്ദരിയെ പ്രണയിക്കാനുള്ള
ആത്മവിശ്വാസമില്ലാത്തതിനാല്‍
സൗഹൃദമെന്ന പരിചകാണിച്ച്
ഞാന്‍ കൂട്ടിലൊളിച്ചു.

എന്നിട്ട് ...?
എന്നിട്ടെന്‍താ ,
എന്നെക്കാള്‍ മോശമായ ഒരുത്തനെ
എന്‍റെ കണ്മുന്നില്‍ത്തന്നെ
പ്രണയിച്ചു പ്രണയിച്ച്
അവള്‍
സൗഹൃദത്തിന്‍റെ അര്‍ത്ഥമെന്‍തെന്ന്
എന്നെ പഠിപ്പിച്ചു തന്നു
അത്ര തന്നെ....!

Tuesday, July 28, 2015

അസ്തിത്വം

  

 

നര 

കുര 

കുടവയര്‍ 

വാതം,പിത്തം.... 

മറ്റുള്ളോരുടേതെന്ന് 

മാറ്റി വച്ചവയെല്ലാ- 

മെവിടെയൊക്കെയോ വ- 

ച്ചെന്നോടൊപ്പവും കൂടുന്നു. 

 

ആരാന്‍റമ്മക്കായ് കരുതി വച്ച രസങ്ങളെല്ലാം 

എന്നെ നോക്കിയിളിക്കുമ്പോള്‍ 

എല്ലാരെയും പോലെ- 

യല്ലഞാനെന്ന് 

എല്ലാരെയും പോലെ വിചാരപ്പെട്ട് 

വിചാരപ്പെട്ട് 

എന്നെ നോക്കിയിളിക്കുന്നൂ ഞാനും...!

Sunday, May 10, 2015

മഴക്കാലം

 


അമ്മ കിടക്കുന്ന 
കൊച്ചു മുറിയിലെ ഫാനിനും
വയസായെന്നു  തോന്നുന്നു 
സ്വിച്ചിടുമ്പോൾ  തുടങ്ങും മഴയിരമ്പം

പരുമഴ,
ഒറ്റപ്പെടലിൻ്റെ
നിശ്വാസങ്ങളും തേങ്ങലുകളും
ആരെയും കേൾപ്പിക്കാതെ ഒപ്പിയെടുക്കും 

ചിലപ്പോൾ
അമ്മയോടൊപ്പം
ആയാസപ്പെട്ട് ശ്വാസമെടുക്കുന്നതും
കേൾക്കാം

2008

ഇന്നുകൾ

നാളെ വരും നീ
നാളെ വരുമെന്നു
തീർന്നുപോയെന്നുമെ-
ന്നിന്നുകളെല്ലാം     

 നാളെപ്പോയ് മറയുമോ     
ഇന്നിെൻറ സ്വർഗം     
എന്നും കടന്നുപോ-     
യിന്നുകൾ വീണ്ടും 

ഇന്നലെയല്ലേ
സ്വർഗമെന്നോർത്തും
കടന്നുപോയെന്നുമെ-
ന്നിന്നുകളെന്നും......!

Followers