Saturday, November 8, 2014

നീയും ഞാനും




നിനക്കൊന്നുമറിയില്ല
എന്‍റെ  ഭാഷ പോലും.

നിന്‍റെ  ലോകമല്ല എന്‍റേത്
നേട്ടങ്ങളല്ല, ലാഭങ്ങളല്ല എന്‍റേത്

എന്നോട്
നീയാവാന്‍ മാത്രം പറയരുത്...!

Sunday, October 19, 2014

എന്‍റെ കവിത


കനക തൂലികയല്ല
ലെക്സിപ്പെന്നാണ്

പാല്‍ക്കഞ്ഞിയില്ല
പൊറോട്ടയാണ്

ദീര്‍ഘദര്‍ശനം തെല്ല്
കുറഞ്ഞു പോയിട്ടുണ്ടാം

കോണും മുഴകളും
തീര്‍ക്കാനേ ഭാവമില്ല

പ്രാണനാണെനിക്കവ
വേണെങ്കിലെടുത്തോളൂ....

Monday, October 13, 2014

അര്‍ബുദം പോ-
ലക്രമം പോല്‍
വെറുപ്പിനുണ്ടാം
വളര്‍ച്ചക്കു വേഗം......!

Sunday, October 5, 2014

ന ല്ലതു നഗരം തന്നെ
-------------------------------------
ന ല്ലതു നഗരം തന്നെ
തോന്നിയ പോലെ നടക്കാം
ചിന്താകുലനാണെന്നതുപോലെ
ചെമ്മേനീലാകാശം നോക്കി
ചുമ്മാതങ്ങു നടക്കാം

അങ്ങനെയല്ലേലന്തര്‍മുഖനായ്
തോന്നിപ്പിക്കും പോലൊരുഭാവം
പുറമേ വാരിപ്പൂശിക്കൊണ്ട്
മിണ്ടാതങ്ങു നടക്കാം

വേണേല്‍
നെഞ്ചുവിരിച്ചൂച്ചാളിപ്പീസില്‍
മൂടുകള്‍ മുലകള്‍ നോക്കിനടക്കാം

അയ്യടമനമേയീപ്പോകുന്നത്
തെക്കേടത്തിലെ ഡാഷല്ലേ
കുഞ്ഞുവറീതിന്‍ മോനല്ലേ
പഞ്ഞക്കാലം പോയപ്പോള്‍
നെഞ്ചു ഞെളിഞ്ഞതു കണ്ടില്ലേ

എന്നൊരു പട്ടീം പറയില്ല
എന്നൊരു നോക്കും നോക്കില്ല

ന ല്ലതു നഗരം തന്നെ.........

Wednesday, October 1, 2014

ശലഭം
----------------
ഞാനറിയാതെ
എന്നെയിങ്ങനെ
നോക്കിയിരിക്കാന്‍
എന്‍തു രസമാണ്

നാളെയാ ചിറകുകള്‍
നിറം മങ്ങുമെന്നും
അകലങ്ങളോര്‍ത്തു
കുഴഞ്ഞുപോമെന്നും

ഓര്‍ക്കയേയില്ല ഞാനപ്പോള്‍....!

Tuesday, September 30, 2014

വിപരീതം
------------------------
ബസ്റ്റോപ്പില്‍ നില്‍ക്കുന്നൂ
രണ്ടു പെണ്കുട്ടികള്‍

ഒന്നു നാഗരികം
ഒന്നു ഗ്രാമീണം

പട്ടിന്‍റെ പാവാടയും
തുളസിക്കതിരും
പുറമേ പരിഭ്രമവും
ഉള്ളില്‍ കള്ളച്ചിരിയുമായി
നാഗരികം

ഫാഷന്‍ജീന്‍സും
മഴവില്‍ക്കുപ്പായവും
ഹൈഹീലില്‍ പൊക്കിനിര്‍ത്തിയ
വ്യാജധൈര്യവും
ഉള്ളിലങ്കലാപ്പുമായ്
ഗ്രാമീണം

സമത്വം
............................േ
മഴയങ്ങനെ പെയ്യുകയാണ്
ശാന്‍തമായി
ക്ഷമയോടെ

ഏറ്റം വലുതെന്നും
എന്‍റേതെന്‍റേതെന്നും
വിസ്മയമെന്നുമനശ്വരമെന്നും
പാടിനീട്ടിയ വൃത്തവും ചതുരവും
അപാരമൊരു
നേര്‍ വരക്കുകീഴില്‍

നോക്കൂ
ഇടയ്ക്കിടെയുള്ള വെള്ളിടിവെട്ടങ്ങളില്‍
ഒരു അരയാലില തുള്ളുന്നു, ഒാളങ്ങളില്‍
അതിലുണ്ട്
രണ്ടു വിത്തുകള്‍
സ്വര്‍ഗത്തിന്‍റെയും
നരകത്തിന്‍റെയും.........

Saturday, September 20, 2014

വീട്
-----------
വീടന്നെനിക്കിരുളായിരുന്നു
ചുവരുകളായിരുന്നു.

ഇരുളിലിന്നൊറ്റയായി
ഒറ്റയായി
നടന്നലഞ്ഞവന്
ഇരുളുമല്ല
ചുവരുമല്ല.

നിവരാതെ
നോക്കാതെ
വീടേറുമ്പോള്‍
ഞാനൊന്നും കണ്ടില്ലെന്ന്
കള്ളച്ചിരി  ചിരിക്കുന്നു വീട്

2007

Monday, September 15, 2014

ദോഷാലോചനം
........................................

പറഞ്ഞു പറഞ്ഞു വരുമ്പോള്‍
നേര്‍ക്കു നേരായി
നേര്‍ത്തു പോകുന്നു ഞാന്

Friday, September 12, 2014

ദുര്‍ബലന്‍
---------------
കരുത്തനാമനുജന്‍െറ
കരുത്തില്ലാ ജേൃഷ്ഠന്‍ ഞാന്

മൂപ്പുണ്ടെന്നതു മാത്‌രം
മുഴുപ്പെന്നാലൊട്ടുമില്ല

അരങ്ങത്താണവനെന്നും
അണിയറയിലൊതുങ്ങും ഞാന്‍

അരങ്ങത്തു വരാനുള്ളൊ-
രവസരം ഞാന്‍ കാത്തിരിക്കെ,

ഭീമനായി ഗദയോങ്ങി
അട്ടഹാസം മുഴക്കുന്ന
കനവുകണ്ടങ്ങൊരു നാളില്‍
ഉറക്കം പോയെണീറ്റിട്ട്
ശങ്ക തീര്‍ക്കാനിറങ്ങുമ്പോള്‍
പെരുങ്കള്ളന്‍ പരുങ്ങുന്നൂ
ടോര്‍ച്ചുവെട്ടം വീഴവേ....

പുറമേ നിന്നു ഞാന്‍ വാതിലും പൂട്ടി
കള്ളനുമായങ്ങു യുദ്ധം തുടങ്ങീ

വീട്ടുകൊടുക്കാനാകില്ലെനിക്കിനി
വീഴാനൊരാഴവും ബാക്കിയില്ല.

യുദ്ധവും നീണ്ടു രാത്‌രിയും നീണ്ടു
വീഴാതെ ഞാനും കള്ളനും നിന്നു.

ബോധം മറയാന്‍ തുടങ്ങുമ്പൊഴേക്കും
വാതില്‍ പൊളിച്ചങ്ങനുജനെത്തുന്നൂ,
തളര്‍ന്ന കള്ളനെക്കെട്ടിമുറുക്കുന്നു
നാട്ടാരും വീട്ടാരുമോടിയെത്തുന്നൂ

'വാതില്‍ പൊളിച്ചാ കൊച്ചുചെറുക്കന്‍
നേരത്തു വന്നുപിടിച്ചില്ലയെങ്കില്‍
പാവമെലുമ്പനെ കള്ളന്‍ കശക്കി
ദൂരെയെറിഞ്ഞിട്ടു പൊയ് ക്കളഞ്ഞേനെ'

കേട്ടേന്‍ -ഈ വാക്കുകള്‍ ബോധം തെളിയവേ
ബോധമെനിക്കിനി വേണ്ടെന്നുമോര് ത്തേന്

Tuesday, August 26, 2014

ഗയിം
..................
വീട്ടിൽ നിന്നും
ആപ്പീസിലേക്കൊരു
റോഡ്റാഷ്...!

ആപ്പീസിൽ
ചെറുതിനെത്തിന്നു വലുതായി
വലുതിെൻറ വായിൽപ്പെടാതെ
പിന്നെയും വലുതാകുന്ന
ഫീഡിംഗ് ഫെൻസി...!

ദാമ്പത്യമൊരു ടെമ്പിൾറൺ

അങ്ങനെ,
ഡി.എക്സ് ബോളാക്കി
കളിക്കുന്നു
ദൈവമെന്നെ........!

Friday, February 21, 2014

ക്രിയേറ്റിവിറ്റി



 ദൈവമേ
പുസ്തകത്തീന്നെങ്കിലും
യുദ്ധവും
പത്രത്തീന്നെങ്കിലും
ഭൂകമ്പവും
റ്റീവീന്നെങ്കിലും
വിപ്ലവവും പട്ടിണിയും
കിട്ടാതിരുന്നെങ്കിൽ
ഞാനെങ്ങനെ
തീവ്രമായി വികാരം കൊള്ളുമായിരുന്നു
എന്നാലോചിച്ച് ഇരുന്നപ്പോഴാണ്
ഭാര്യ പറഞ്ഞത്
വിളക്കണച്ചു കിടക്കൂ മനുഷ്യാ
നല്ല കുളിരെന്ന്

അസ്തിത്വ ദുഖവും സ്വത്വനിരാസവും  തൊട്ടു നക്കി
അല്പം മദ്യപിച്ചിട്ടു  ചെല്ലുന്നത് 
അവൾക്കിഷ്ടമായിരുന്നു

ഉമ്പര്ട്ടോ എക്കോ എന്ന് പറഞ്ഞു
അവൾ കെട്ടിപ്പിടിക്കും

Saturday, February 15, 2014

ആദ്യം
.........................................
പ്രദീപ് പേരയം

ഇരുപത് വര്‍ഷത്തെ
മാതൃകാപരമായ
സര്‍ക്കാര്‍ സേവനം
പൂര്‍ത്തിയാക്കിയ ശേഷമാണ്‌
അയാളാദ്യമായി
കൈക്കൂലി വാങ്ങിയത്‌
അന്നേ ദിവസം വൈകിട്ടാണ്‌
ബൈക്കോടിച്ച്‌ വീട്ടിലേക്ക് വരവേ
വഴിയരികിലെ വയസന്‍ മാവില്‍
തൂങ്ങി മരിച്ച നിലയില്‍
ഒരു കറുത്ത രൂപത്തെ കണ്ടതും
പേടിച്ച്
പിന്നിടെന്നേക്കും
ഒന്നും മിണ്ടാതെ
വീട്ടിലെത്തിയതും

.
മറ്റാരു൦ കണ്ടില്ല
ഏറുകൊണ്ട് എന്നും ചിരിക്കുന്ന
വയസനെയല്ലാതെ
മറ്റൊന്നു൦

Blog Archive

Followers